ഐഎസ്എല്‍ ആരാധകര്‍ നിരാശരാകേണ്ട; ഫൈനല്‍ മത്സരത്തിന്റെ രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പന ഇന്ന്‌

പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയതോടെ നെട്ടോട്ടമോടിയിട്ടും ടിക്കറ്റ് ലഭിക്കാത്തവരുണ്ടായിരുന്നു. അവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഐഎസ്എല്‍ അധികൃതര്‍. ഇന്ന് രാവിലെ 10 മണി മുതല്‍ ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്നാണ് ഐഎസ്എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ വളരെ കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ഐഎസ്എല്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നത്. അതിനാല്‍ തന്നെ ടിക്കറ്റുകളുടെ ലഭ്യത പരിമിതമായിരുന്നു. 150 രൂപയായിരുന്നു ആദ്യ ഘട്ടത്തിലെ ടിക്കറ്റുകളുടെ വില. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്‌ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണികളില്ലാതെയായിരുന്നു ഐഎസ്എല്‍ മത്സരങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍, ഫൈനലിന് കാണികളെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നത്.