തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ മുഖേന പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശങ്ങളിൽ പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീൺ മാർക്കറ്റുകളും ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഇതിനായി വാർഷിക പദ്ധതിയിൽ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ വഴി വിവിധ പ്രദേശങ്ങളിൽ ഗ്രാമീൺ മാർക്കറ്റുകളും പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനായി 400 ലക്ഷം രൂപയും സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കായി 300 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അതത് പ്രദേശങ്ങളിലെ കാർഷിക വായ്പാ സഹകരണ സംഘങ്ങൾ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് അദ്ദേഹം അറിയിച്ചു.
എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷൻ കേന്ദ്രങ്ങളിലും വിളവെടുപ്പ് കാലയളവിൽ കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ നേരിട്ട് ശേഖരിക്കുന്നതിനും സംസ്‌കരിച്ച് വിപണനം ചെയ്യുന്നതിനുമാണ് ഈ വിപണികൾ ഉദ്ദേശിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെയും പ്രമുഖ മാർക്കറ്റിംഗ് സംഘങ്ങളുടെയും മാർക്കറ്റ് ഫെഡിന്റെയും ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയിൽ സംയോജിപ്പിച്ചാണ് ഈ പദ്ധതികൾ നടപ്പിലാക്കുകയെന്നും അദ്ദേഹം വിശദമാക്കി. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷർക്ക് ന്യായമായ വില ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

