തിരുവനന്തപുരം: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ജെബി മേത്തറിനെ തെരഞ്ഞെടുത്തു. ജെബി മേത്തറുടെ സ്ഥാനാർത്ഥിത്വത്തിന് സോണിയ ഗാന്ധി അംഗീകാരം നൽകി. ആലുവ നഗരസഭ ഉപാധ്യക്ഷയാണ് ജെബി മേത്തർ. കെപിസിസി സെക്രട്ടറിയും എ.ഐ.സി.സി അംഗവും കൂടിയാണ് ജെബി മേത്തർ. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയായിരുന്നു ജെബി.
ജെബി മേത്തർ ഉൾപ്പെടെ മൂന്നംഗ പാനലാണ് ഹൈക്കമാൻഡിന് കെപിസിസി കൈമാറിയിരുന്നത്. കെപിസിസി നിർവാഹകസമിതിയംഗം എം. ലിജു, ജെബി മേത്തർ, ജെയ്സൻ ജോസഫ് എന്നിവരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് പട്ടിക ഹൈക്കമാൻഡിന് കൈമാറിയത്. ഏറെ നാളത്തെ ആശയക്കുഴപ്പത്തിനാണ് ജെബി മേത്തറിനെ രാജ്യസഭാസ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തതോടെ വിരാമമായത്.
മുസ്ലിം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡൽഹിയിലെ പ്രവർത്തന പരിചയം എന്നിവയാണ് ജെബി തെരഞ്ഞെടുക്കപ്പെടാൻ കാരണം. തിങ്കളാഴ്ച്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം.

