കൈറ്റിന്റെ പുതിയ സ്വതന്ത്ര സോഫ്റ്റ്‌ വെയർ ഒ എസ് സ്യൂട്ടിന്റെ പ്രകാശനം നിർവ്വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ ലാപ്ടോപ്പുകൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ ‘കൈറ്റ് ഗ്നൂ/ലിനക്സ് 20.04’ എന്ന പരിഷ്‌കരിച്ച സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്) സ്യൂട്ട് പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജജയനാണ് പ്രകാശനം നിർവ്വഹിച്ചത്. സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും മാത്രമല്ല, വീടുകളിൽ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സർക്കാർ ഓഫീസുകൾ, ഡി.ടി.പി സെന്ററുകൾ, സോഫ്റ്റ് വെയർ നിർമ്മാതാക്കൾ തുടങ്ങിയവർക്കും സമ്പൂർണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമായി ഈ ഒ.എസ് സ്യൂട്ട് സൗജന്യമായി ഉപയോഗിക്കാനാകും.

നിയമസഭാ ഹാളിൽ വെച്ചായിരുന്നു പ്രകാശനം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെയും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്തിന്റെയും സാന്നിദ്ധ്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ തിരുവനന്തപുരം കോട്ടൺഹില്ലിലെ എം.എസ് കലാവേണിക്കും സെന്റ് ജോസഫ് സ്‌കൂളിലെ ആകാശ് ജെ-ക്കും ഒ.എസ് സ്യൂട്ട് നൽകിയാണ് മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്. പ്രമുഖ സ്വതന്ത്ര ജനകീയ ഓപറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഇതുവരെയുള്ള എല്ലാ അപ്ഡേറ്റുകളും ഉൾപ്പെടുത്തിയതാണ് കൈറ്റ് ഗ്നൂ/ലിനക്സ് 20.04. ഉബുണ്ടു 20.04 റെപ്പോസിറ്ററിയിൽ ഇല്ലാത്ത പല സോഫ്റ്റ് വെയറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. മിക്ക സോഫ്റ്റ്വെയറുകളും ഏറ്റവും പുതിയ വേർഷനുകളിലേക്ക് അപ്ഡേറ്റു ചെയ്യുകയും, ഹയർസെക്കണ്ടറി-വൊക്കേഷണൽ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള സ്‌കൂൾ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരവും ഓഫീസ് പാക്കേജുകൾ, ഭാഷാ ഇൻപുട്ട് ടൂളുകൾ, ഡാറ്റാബേസ് അപ്ലിക്കേഷനുകൾ, ഡി.ടി.പി-ഗ്രാഫിക്സ് -ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറുകൾ, സൗണ്ട് റിക്കോർഡിങ്-വീഡിയോ എഡിറ്റിങ്-ത്രിഡി അനിമേഷൻ പാക്കേജുകൾ പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കൾ, ഡാറ്റാബേസ് സർവറുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേർഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഐ.ടി ഉപയോഗിച്ച് പഠിക്കാനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്റ്റ്വെയറുകളായ ജിയോജിബ്ര, ജികോമ്പ്രിസ് തുടങ്ങിയവയും ഈ ഒ.എസ് സ്യൂട്ടിലുണ്ട്.