ദിലീപിന് തിരിച്ചടി; ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് കോടതി

കൊച്ചി: നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ദിലീപിന് തിരിച്ചടി ഉണ്ടായത്. വധ ഗൂഢാലോചന കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. കേസിൽ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.

അതേസമയം, വധഗൂഢാലോചന കേസിൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്വകാര്യ സംഭാഷണങ്ങളാണ് നീക്കം ചെയ്തതെന്ന് ദിലീപ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും നശിപ്പിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ഉയർത്തിയ ആരോപണങ്ങൾ ഒന്നും തന്നെ നിലനിൽക്കുന്നതല്ലെന്നും ദിലീപ് പറയുന്നു.

ദിലീപിന്റെ വീട്ടിലെ കാര്യസ്ഥനായിരുന്ന ദാസന്റെ മൊഴി വസ്തുതാവിരുദ്ധമാണെന്നും ദിലീപ് വ്യക്തമാക്കി. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെ ഹാജരാക്കിക്കൊണ്ട് ദിലീപും കൂട്ടുപ്രതികളും അഭിഭാഷകരും ചേർന്ന് ഈ കേസിലെ നിർണായകമായ തെളിവുകൾ നശിപ്പിച്ചുവെന്ന ആരോപണങ്ങൾക്കുള്ള മറുപടിയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നടപടി. അതേസമയം, ക്രൈംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണിൽ സ്വകാര്യ സംഭാഷണങ്ങളുണ്ടെന്ന് നേരത്തെ പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദിനും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.