സിനിമാ ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ പരാതികള്‍ പരിശോധിക്കാനും പരിഹരിക്കാനുമുള്ള സംവിധാനം വേണമെന്ന് ഹൈക്കോടതി ഉത്തരവ്. ഡബ്ല്യുസിസി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. സുപ്രധാനമായ ഇടപെടലാണ് മലയാള ചലച്ചിത്ര മേഖലയെ സംബന്ധിച്ച് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

2018ല്‍ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 31ന് ഹര്‍ജിയില്‍ സംസ്ഥാന വനിതാ കമ്മീഷനെ ഹൈക്കോടതി കക്ഷി ചേര്‍ക്കുകയും, ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണെന്ന് കമ്മീഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പഠിച്ച് ഉടന്‍ നിയമനിര്‍മ്മാണമുണ്ടാകും- മന്ത്രി അറിയിച്ചു.