കെഎസ്ആർടിസിക്കുള്ള ഡീസലിന്റെ വില കുത്തനെ ഉയർത്തി എണ്ണ കമ്പനികൾ; ലിറ്ററിന് വർധിപ്പിച്ചത് 21 രൂപ 10 പൈസ

തിരുവനന്തപുരം: കെഎസ്ആർടിസിക്കുള്ള ഡീസലിന്റെ വില കുത്തനെ ഉയർത്തി എണ്ണ കമ്പനികൾ. ഒറ്റ ദിവസം ലിറ്ററിന് 21 രൂപ 10 പൈസയാണ് വർധിപ്പിച്ചത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തിയാണ് എണ്ണവില വർദ്ധിപ്പിച്ചത്. നേരത്തേ ഐ ഒ സി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വില വീണ്ടും വർധിപ്പിച്ചത്. ഐഒസി വില വർധനവ് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പോകാനായിരുന്നു സുപ്രീം കോടതി നിർദ്ദേശം.

അതേസമയം, വിലവർധനക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. ഇന്ധനവില വർധനവ് കെഎസ്ആർടിസിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആർടിസിക്ക് ഒരു ദിവസം വേണ്ടത് 4 ലക്ഷം ലിറ്റർ ഡിസലാണ്. നിലവിലെ സാഹചര്യത്തിൽ വില വർധനവോടെ ഒരു മാസം 21 കോടിയുടെ നഷ്ടമാണുണ്ടാകുക. ഇത് കെഎസ്ആർടിസിക്ക് താങ്ങാൻ കഴിയില്ലെന്നും പൊതു ഗതാഗതത്തെ തകർക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം വിശദമാക്കി. ബസ് ചാർജ് വർദ്ധിപ്പിച്ചാലും പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.