കോൺഗ്രസിന് കൂട്ടായ നേതൃത്വം വേണം; സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ച് ജി 23 നേതാക്കൾ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ച് ജി 23 നേതാക്കൾ. വ്യാഴാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താനാണ് നേതാക്കളുടെ തീരുമാനം. ഡൽഹിയിൽ ചേർന്ന ജി 23 നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്നാണ് ജി 23 നേതാക്കളുടെ ആവശ്യം. എല്ലാ തലങ്ങളിലും ആലോചിച്ചു വേണം കോൺഗ്രസിന്റെ നിർണായക തീരുമാനം സ്വീകരിക്കേണ്ടത്. ബിജെപിക്ക് ബദലാകാൻ ക്രിയാത്മകമായി വളരെ വലിയൊരു ശക്തിയായി കോൺഗ്രസ് മാറേണ്ടതുണ്ട്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ട് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ സമാന മനസ്‌കരായ പാർട്ടികളുമായി ചർച്ച നടത്തണമെന്ന ആവശ്യവും ജി 23 നേതാക്കൾ മുന്നോട്ട് വെക്കുന്നുണ്ട്.

ഗുലാം നബി ആസാദിന്റെ വസതിയിലാണ് ജി 23 നേതാക്കളുടെ യോഗം ചേർന്നത്. 5 മുൻ മുഖ്യമന്ത്രിമാരും 7 മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെയുള്ളവരാണ് യോഗം ചേർന്നത്.