തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സമാനമായി കേരളത്തിലും ഇക്കണോമിക് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിങ് എന്ന പേരില്‍ അന്വേഷണ ഏജന്‍സി രൂപീകരിക്കുന്നു. സംസ്ഥാനത്തിനകത്ത് നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും അന്വേഷിക്കാനും നടപടിയെടുക്കാനുമാണ് ഏജന്‍സി രൂപീകരിക്കുന്നത്. ധനകാര്യ വകുപ്പ് അനുമതി നല്‍കി. ഇനി മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴില്‍ വരുന്ന അന്വേഷണ ഏജന്‍സിയായിട്ടാകും കേരളത്തിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കീഴിലാവും പുതിയ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനം. ജില്ലാ തലങ്ങളില്‍ ഡി.വൈ.എസ്.പിമാരുടെ ചുമതലയില്‍ സെല്ലുകള്‍. റേഞ്ച് അടിസ്ഥാനത്തില്‍ എസ്.പിമാര്‍ക്കാകും ചുമതല. പോലീസ് ആസ്ഥാനത്ത് ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടമുണ്ടാകും. സംസ്ഥാനത്തെ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ഇവര്‍ അനേഷിക്കുക. അന്തര്‍ സംസ്ഥാന രാജ്യാന്തര ബന്ധമുള്ള കേസുകളും അന്വേഷിക്കും. വരുന്ന സാമ്പത്തിക വര്‍ഷം അന്വേഷണ ഏജന്‍സി പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇ.ഡിക്ക് ബദലായി കൊണ്ടുവരുന്നതല്ലെങ്കിലും, അവര്‍ക്ക് അന്വേഷിക്കാനാവുന്ന കേസുകളിലും അന്വേഷണം നടത്താന്‍ കേരളത്തിന്റെ പുതിയ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിക്ക് സാധിക്കും. എന്നാല്‍ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ കൈകടത്താനാവില്ല. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധമായാണ് ഇ.ഡിയെ പ്രതിപക്ഷ കക്ഷികള്‍ വിശേഷിപ്പിക്കുന്നത്. അതിനാല്‍, കേരളം സ്വന്തമായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണ ഏജന്‍സിയെ കൊണ്ടുവരുന്നത് തന്ത്രപരമായ നീക്കമായാണ് കാണുന്നത്. നോട്ടീസ് നല്‍കി വിളിച്ചുവരുത്തുക, സെര്‍ച്ച് മെമ്മോ നല്‍കി റെയ്ഡ് നടത്തുക, റെയ്ഡ് നടത്തി കണ്ടെത്തുന്ന വസ്തുക്കള്‍ കണ്ടുകെട്ടുക, വ്യക്തികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ അധികാരങ്ങളുള്ള അന്വേഷണ ഏജന്‍സിയാകും സംസ്ഥാനത്തും വരാന്‍ പോകുന്നത്.

