ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജിയും; നിർണായക റിപ്പോർട്ടുകൾ പുറത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ടുകൾ പുറത്ത്. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദിനും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഫോറൻസിക് പരിശോധനയിലാണ് ഇരുവരും സംഭാഷണം നടത്തിയെന്ന വിവരം കണ്ടെത്തിയത്. ബാലചന്ദ്രകുമാറിന്റെ പരാതിയിൽ കേസെടുക്കുന്നതിന് ഒരു ദിവസം മുൻപാണ് ഫോൺ വിളിച്ചത്. സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നുവെന്നും ഫോറൻസ് പരിശോധനയിൽ കണ്ടെത്തി.

അതേസമയം, സംഭാഷണത്തിന്റെ സാഹചര്യം എന്താണെന്ന് കണ്ടെത്താൻ വേണ്ടി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ ഫോണിൽ നിന്നു നീക്കിയെന്നാണ് ദിലീപിനെതിരെയുള്ള ആരോപണം.

അതേസമയം, വധഗൂഢാലോചന കേസിൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്വകാര്യ സംഭാഷണങ്ങളാണ് നീക്കം ചെയ്തതെന്ന് ദിലീപ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും നശിപ്പിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ഉയർത്തിയ ആരോപണങ്ങൾ ഒന്നും തന്നെ നിലനിൽക്കുന്നതല്ലെന്നും ദിലീപ് പറയുന്നു.

ദിലീപിന്റെ വീട്ടിലെ കാര്യസ്ഥനായിരുന്ന ദാസന്റെ മൊഴി വസ്തുതാവിരുദ്ധമാണെന്നും ദിലീപ് വ്യക്തമാക്കി. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെ ഹാജരാക്കിക്കൊണ്ട് ദിലീപും കൂട്ടുപ്രതികളും അഭിഭാഷകരും ചേർന്ന് ഈ കേസിലെ നിർണായകമായ തെളിവുകൾ നശിപ്പിച്ചുവെന്ന ആരോപണങ്ങൾക്കുള്ള മറുപടിയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നടപടി. അതേസമയം, ക്രൈംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണിൽ സ്വകാര്യ സംഭാഷണങ്ങളുണ്ടെന്ന് നേരത്തെ പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.