വിലക്കയറ്റത്തിന് കാരണം ഇന്ധനവില വര്‍ധന; എല്ലാ മണ്ഡലങ്ങളിലും 20 രൂപക്ക് ഊണ് ലഭിക്കുന്ന സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങും: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഇന്ധനവിലയിലെ കുതിപ്പ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഇന്ധന വില വര്‍ധനക്കൊപ്പം ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന്‌ ഉല്‍പ്പാദനത്തിലുണ്ടായ കുറവും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ നേരിയ തോതിലേ വിലക്കയറ്റമുള്ളൂ. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി. 2016 ലെ വിലയില്‍ സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 13 ഇനം സാധനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ നല്‍കുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇതുപോലെ വിലക്കുറവില്‍ നല്‍കുന്നില്ല. പൊതുവിപണിയേക്കാള്‍ വില കുറച്ചാണ് സപ്ലൈകോ സാധനങ്ങള്‍ വില്‍ക്കുന്നത്’-മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ല. സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനായി 1851 കോടി രൂപയും, കിറ്റ് വിതരണത്തിനായി 6000 കോടിയും സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചു. സപ്ലൈകോ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വില കൂട്ടി വില്‍ക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇരുപത് രൂപയ്ക്ക് ഉച്ച ഊണ് നല്‍കുന്ന സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങും. അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണന കാര്‍ഡ് ഏപ്രില്‍ 15ന് മുന്‍പ് വിതരണം ചെയ്യും. സപ്ലൈകോ മൂന്ന് കേന്ദ്രങ്ങളില്‍ കൂടി പെട്രോള്‍ പമ്പുകള്‍ തുടങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.