ചൈനക്ക് പുറമെ ദക്ഷിണ കൊറിയയിലും കൊവിഡ് പിടിമുറുക്കുന്നു

സിയോള്‍: കൊവിഡിന്റെ നാലാം തരംഗ ഭീതിയില്‍ ദക്ഷിണ കൊറിയ. കൊവിഡ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഏജന്‍സിയാണ് രാജ്യം കൊവിഡ് ഭീതിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 293 പേര്‍ മരണപ്പെട്ടതായും ഏജന്‍സി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്ക രോഗബാധയാണ്. നിലവില്‍ ദക്ഷിണ കൊറിയയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,629,275 ആണ്.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് നിലവില്‍ ചൈനയും കടന്നു പോകുന്നത്. പല നഗരങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ ഭാഗമായി എണ്ണവില കുതിച്ചുയര്‍ന്നതോടെ ആഗോള സമ്പദ്വ്യവസ്ഥ സമ്മര്‍ദ്ദത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.