റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണവാങ്ങുന്നത് ഉപരോധങ്ങളുടെ ലംഘനമല്ല; അമേരിക്ക

വാഷിങ്ടൺ: റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണവാങ്ങുന്നത് യു.എസ് ഉപരോധങ്ങളുടെ ലംഘനമല്ലെന്ന് അമേരിക്ക. പ്രസ് സെക്രട്ടറി ജെൻ സാകി വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പാലിക്കണമെന്നാണ് ലോകരാജ്യങ്ങളോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണവാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം നിലവിൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തിന് വിരുദ്ധമാണോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ എഴുതുന്ന ചരിത്ര പുസ്തകങ്ങളിൽ എവിടെ നിൽക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യയെ പിന്തുണക്കുന്നത് യുക്രൈൻ അധിനിവേശത്തിന് പിന്തുണ നൽകുന്നതിന് സമാനമാണ്. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണവാങ്ങാൻ ഇന്ത്യ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ നൽകുന്നത് ഇപ്പോൾ ഇറാഖാണ്. 2021 ലെ കണക്കനുസരിച്ച് മൊത്തം ഇറക്കുമതിയുടെ 25 ശതമാനം ഇറാഖിൽ നിന്നായിരുന്നു. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 16 ശതമാനമാണ് ഇവിടെ നിന്നും ഇറക്കുമതി ചെയ്യുന്നത്. മൂന്നാം സ്ഥാനത്താണ് യുഎഇയുള്ളത്. നൈജീരിയ (8 ശതമാനം) അമേരിക്ക (7 ശതമാനം) എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന മറ്റു പ്രമുഖ രാജ്യങ്ങൾ.