സിൽവർ ലൈനിനായി നിലവിൽ ഭൂമി ഏറ്റെടുക്കാനാകില്ല; പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ കേരളത്തിന് തിരിച്ചടി. സിൽവർ ലൈനിനായി നിലവിൽ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

വിശദമായ ഡിപിആർ തയാറാക്കാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നതെന്നും ഡിപിആർ തയാറാക്കാൻ അനുമതി നൽകുക എന്നത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ലോകസഭയിൽ ഉന്നയിച്ച് ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്.

അതേസമയം, സിൽവർലൈൻ പദ്ധതിയെച്ചൊല്ലി ലോക്‌സഭയിൽ എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടി. പദ്ധതിയെ എതിർത്ത് യുഡിഎഫ് എംപിമാർ സംസാരിച്ചു. എന്നാൽ, പദ്ധതിയെ അനുകൂലിച്ച് എ.എം.ആരിഫ് എംപി സംസാരിച്ചു. പദ്ധതി ആദ്യം കേന്ദ്ര റെയിൽവേയുടെ ഭാഗമായിരുന്നെന്നും പിന്നീട് രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി കേന്ദ്ര സർക്കാർ വികസന വിരുദ്ധമായ നടപടി സ്വീകരിക്കുകയായിരുന്നെന്നും ആരിഫ് വ്യക്തമാക്കി.