കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആദ്യത്തെ വര്‍ഷത്തില്‍ തന്നെ രണ്ടില്‍ കൂടുതല്‍ പരീക്ഷകളില്‍ തോറ്റാല്‍ അതേ ക്ലാസില്‍ തന്നെ വീണ്ടും പഠിക്കണമെന്ന എംബിബിഎസ് വ്യവസ്ഥ ആയുര്‍വേദം ഉള്‍പ്പെടെ മറ്റ് മെഡിക്കല്‍ കോഴ്‌സുകള്‍ക്കും ബാധകമാക്കാന്‍ സാധ്യത.
എംബിബിഎസ് ആദ്യവര്‍ഷ പരീക്ഷ ഈയടുത്താണ് കഴിഞ്ഞത്. ഫലം ഇതുവരെ വന്നിട്ടില്ല. രണ്ടിലേറെ വിഷയത്തില്‍ തോറ്റാല്‍ സേ പരീക്ഷ എഴുതി ജയിക്കാന്‍ അവസരം നല്‍കും. എന്നാല്‍, ജയിച്ചില്ലെങ്കില്‍ ജൂനിയര്‍ ബാച്ചിനൊപ്പം പഴയ ക്ലാസില്‍ വീണ്ടും പഠിക്കണം. പരീക്ഷകളില്‍ ജയിച്ചാലും ഇല്ലെങ്കിലും അടുത്ത ക്ലാസിലേക്ക് പ്രൊമോഷന്‍ നല്‍കുന്നതായിരുന്നു ആദ്യത്ത രീതി. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം മുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ കമ്മീഷന്‍ ഇതില്‍ മാറ്റം വരുത്തുകയായിരുന്നു.
ബിഡിഎസിനും, ബിഎസ്സി നേഴ്‌സിംഗിനും ഇത് നടപ്പാക്കിയിട്ടില്ല. അതേസമയം ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ ഈ വ്യവസ്ഥ നടപ്പാക്കാനാണ് സാധ്യത. പ്രാപ്തിയുള്ള ഡോക്ടര്‍മാരാവാന്‍ പാഠഭാഗങ്ങള്‍ യഥാസമയം ഉള്‍ക്കൊണ്ട് പഠനം പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുടെ ഭാഗമായാണ് ഇത്തരം രീതികള്‍ കൊണ്ടുവരുന്നത്.

