വധഗൂഢാലോചന കേസ്; തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് കോടതിയെ അറിയിച്ച് ദിലീപ്

കൊച്ചി: വധഗൂഢാലോചനക്കേസിൽ തെളിവുകൾ നശിപ്പിച്ചുവെന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ദിലീപ്. വധഗൂഢാലോചന കേസിൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

സ്വകാര്യ സംഭാഷണങ്ങളാണ് നീക്കം ചെയ്തതെന്ന് ദിലീപ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും നശിപ്പിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ഉയർത്തിയ ആരോപണങ്ങൾ ഒന്നും തന്നെ നിലനിൽക്കുന്നതല്ലെന്നും ദിലീപ് പറയുന്നു.

ദിലീപിന്റെ വീട്ടിലെ കാര്യസ്ഥനായിരുന്ന ദാസന്റെ മൊഴി വസ്തുതാവിരുദ്ധമാണെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെ ഹാജരാക്കിക്കൊണ്ട് ദിലീപും കൂട്ടുപ്രതികളും അഭിഭാഷകരും ചേർന്ന് ഈ കേസിലെ നിർണായകമായ തെളിവുകൾ നശിപ്പിച്ചുവെന്ന ആരോപണങ്ങൾക്കുള്ള മറുപടിയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നടപടി. അതേസമയം, ക്രൈംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണിൽ സ്വകാര്യ സംഭാഷണങ്ങളുണ്ടെന്ന് നേരത്തെ പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.