വിവാദങ്ങള്‍ക്കൊടുവില്‍ സ്വയം രാജി; കേരള സര്‍വകലാശാല മലയാള മഹാനിഘണ്ടു മേധാവി പൂര്‍ണിമ മോഹന്‍ രാജി വെച്ചു

തിരുവനന്തപുരം: യോഗ്യതയില്ലാത്ത നിയമനമെന്ന വിവാദങ്ങള്‍ക്കിടെ കേരള സര്‍വകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി മോഹന്റെ ഭാര്യയായ ഡോ.പൂര്‍ണിമ മോഹന്‍ രാജിവച്ചു. പരാതി ഗവര്‍ണറുടെ പരിഗണനയിലിരിക്കെ സ്വയം ഒഴിയാനുള്ള തീരുമാനത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി.

മലയാളം മഹാനിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ ‘സംസ്‌കൃതം’ അധ്യാപികയായ പൂര്‍ണിമാ മോഹനെ കേരള സര്‍വകലാശാലയില്‍ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മലയാള ഭാഷയില്‍ പ്രാവിണ്യവും മലയാളത്തില്‍ ഡോക്ടറേറ്റും അധ്യാപന പരിചയവുമായിരുന്നു യോഗ്യത. എന്നാല്‍, വിജ്ഞാപനത്തില്‍ സംസ്‌കൃതം ഗവേഷണ ബിരുദവും കൂടി തിരുകി കയറ്റിയാണ് പൂര്‍ണിമയെ നിയമിച്ചത്.

വിസിയുടെ നിര്‍ദ്ദേശ പ്രകാരം അഡിഷണല്‍ അജണ്ടയായി ഉള്‍പ്പെടുത്തിയാണ് മഹാനിഘണ്ടു മേധാവിയെ നിയമിക്കാന്‍ 2020 ഡിസംബര്‍ 29ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. സര്‍വകലാശാലകളിലെ പ്രൊഫസര്‍മാരെയോ അസോ.പ്രൊഫസര്‍മാരെയോ ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാനായിരുന്നു തീരുമാനം. എ്‌നനാല്‍, ഇതില്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയതാണ് പൂര്‍ണിമാ മോഹന് നിയമനം നല്‍കിയത്. ഓര്‍ഡിനന്‍സ് മറികടന്ന് വിജ്ഞാപനമിറക്കിയ മുന്‍ രജിസ്ട്രാര്‍ ഡോ.സിആര്‍ പ്രസാദ് പൂര്‍ണ്ണിമയെ തിരഞ്ഞെടുത്ത ഇന്റര്‍വ്യു ബോര്‍ഡിലും അംഗമായിരുന്നു.