ന്യൂഡൽഹി: ഹിജാബ് ഹർജിയിൽ അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. ഹർജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥിനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം.
മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്ഗെയാണ് വിദ്യാർത്ഥിനികൾക്ക് വേണ്ടി ഹാജരായത്. കുട്ടികളുടെ പരീക്ഷ അടുത്തിരിക്കുകയാണെന്നും ഹൈക്കോടതി ഉത്തരവ് നിരവധി പെൺകുട്ടികളെ ബാധിക്കുമെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ ഹോളിയ്ക്ക് ശേഷം പരിഗണിക്കാമെന്ന് പറഞ്ഞ് കോടതി ഹർജി മാറ്റിവെയ്ക്കുകയായിരുന്നു.
ഹിജാബ് ധരിക്കുക എന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയത്. നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

