കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചുവെന്നതിനാണ് കൂടുതൽ തെളിവുകൾ പുറത്ത് വന്നത്. ദിലീപിന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധയിൽ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
ദിലീപിന്റെ ഫോൺ രേഖകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ് സ്വകാര്യ ഫോറൻസിക് വിദഗ്ദൻ സായിശങ്കർ മായ്ച്ചതെന്നും കണ്ടെത്തി. ഇയാളെയും കേസിൽ പ്രതിചേർക്കും.
സായിശങ്കറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. അതേസമയം, ദിലീപിന്റെ അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചുവെന്നാണ് നടി ബാർ കൗൺസിൽ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും നടി പരാതിയിൽ പറയുന്നു.

