ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവും. എസ്എഫ്‌ഐയിലൂടെ വളര്‍ന്ന റഹീം 2011ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു.

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

മൂന്ന് രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫിനു വിജയസാധ്യതയുള്ള രണ്ടു സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. ദേശീയ സാഹചര്യം വിലയിരുത്തിയാണ് ഒരു സീറ്റ് സിപിഐയ്ക്കു നല്‍കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്. ഘടകക്ഷികളെല്ലാം സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാറാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി.