കേസ് അട്ടിമറിക്കുന്നു; തെളിവ് നശിപ്പിക്കുന്നതില്‍ നേതൃത്വം നല്‍കി; സാക്ഷികളെ സ്വാധീനിച്ചു; ബി. രാമന്‍ പിള്ളക്കെതിരെ പരാതിയുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഡ്വ. ബി രാമന്‍ പിള്ള അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചുവെന്ന് അതിജീവിതയുടെ പരാതി. ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.

‘ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചു. കേസിലെ തെളിവ് നശിപ്പിക്കാന്‍ നേതൃത്വം നല്‍കി. പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണ്. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. ഇരുപത് സാക്ഷികള്‍ കൂറ് മാറിയതിന് പിന്നില്‍ അഭിഭാഷക സംഘമാണ്. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം’- നടി ആവശ്യപ്പെട്ടു. കക്ഷിയുമായി നേരിട്ട് ബന്ധപ്പെടാന്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് അനുവാദം ഇല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ബി രാമന്‍ പിള്ള. അതേസമയം, പരാതി സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.