സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി പി സന്തോഷ് കുമാർ

തിരുവനന്തപുരം: എൽഡിഎഫിന് വിജയിക്കാൻ കഴിയുന്ന രണ്ട് രാജ്യസഭാ ഒഴിവുകളിൽ സിപിഎമ്മും സിപിഐയും മത്സരിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

എൽജെഡി ഉൾപ്പെടെ നാല് പാർട്ടികൾ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ സീറ്റുകൾ സിപിഐയ്ക്കും സിപിഎമ്മിനും നൽകാൻ യോഗത്തിൽ ധാരണയായി. അതേസമയം, സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി.സന്തോഷ് കുമാറിനെ രാജ്യസഭയിൽ അയക്കാനാണ് സിപിഐയുടെ തീരുമാനം.

സന്തോഷ് രാജ്യസഭയിലേക്ക് എത്തുന്നതോടെ ഒരേ സമയം രാജ്യസഭയിൽ കേരളത്തിൽ നിന്നും സിപിഐയ്ക്ക് രണ്ട് അംഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകും. ദേശീയ സാഹചര്യം കണക്കിലെടുത്ത് ഇടത് നിര ശക്തിപ്പെടുത്തണം എന്ന തീരുമാനം മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കിയതോടെയാണ് സിപിഐയ്ക്ക് രാജ്യസഭയിലേക്ക് അവസരം തെളിഞ്ഞത്. എൻസിപിയും ജെഡിഎസും മുന്നണി യോഗത്തിൽ രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് സീറ്റ് സിപിഐയ്ക്കും സിപിഎമ്മിനും നൽകാൻ തീരുമാനിച്ചു.