തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും. കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. ബ്ലോക്ക് പ്രസിഡന്റ്മാരുടെയും ഡിസിസി ഭാരവാഹികളുടെയും പുനഃസംഘടന അന്തിമ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി അദ്ധ്യക്ഷൻമാർ, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാർ എന്നിവരുടെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്.
ഏറ്റവും അടുത്ത ദിവസത്തിൽ തന്നെ സംസ്ഥാനത്ത് പുന:സംഘടന പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുന:സംഘടന നിർത്തിവച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പുന:സംഘടന നിർത്തിവച്ചതായി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പുനഃസംഘടന നിർത്തിവെക്കണമെന്ന് ഹൈക്കമൻഡ് നിർദേശിച്ചിരുന്നു. എംപിമാരുടെ പരാതിയെ തുടർന്നാണ് പുനഃസംഘടന നിർത്തിവെക്കാൻ നിർദേശിച്ചത്. കേരളത്തിന്റെ ചുതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിച്ചത്.

