ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ തളച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തി. രണ്ടാംപാദ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ പാദത്തിലെ ഒരുഗോളിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശം. ഇന്ന് നടന്ന രണ്ടാം പാദ പ്ലേ ഓഫ് പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ പിടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ആന്‍ഡ്രിയാന്‍ ലൂണയാണ് പതിനെട്ടാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്.
കഴിഞ്ഞയാഴ്ച നടന്ന ആദ്യ പാദ പോരില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഏക?ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഇതോടെ ഇന്നത്തെ മത്സരത്തില്‍ സമനില മാത്രം മതിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് മുന്നേറാന്‍. എന്നാല്‍, സഹല്‍ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. പക്ഷെ ഉശിരോടെ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് 18-ാം മിനിറ്റില്‍ സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയിലൂടെ ലീഡ് നേടി. രണ്ടാം പകുതിയില്‍ പ്രോണയ് ഹാള്‍ഡറിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ മടക്കിയതോടെ മത്സരം മുറുകി
എന്നാല്‍, പിന്നീട് ഒരു ഗോള്‍ പോലും വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സ് പിടിച്ചു നിന്നു. ഇതോടെ മത്സരം അധികസമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീക്കാമെന്ന ജംഷഡ്പൂരിന്റെ പ്രതീക്ഷ അവസാനിച്ചു. 2016-ല്‍ ഐപിഎല്‍ മൂന്നാം സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ ഫൈനലിലെത്തിയത്.

