ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ വലിയ പരാജയത്തിന് പിന്നാലെ കടുത്ത നടപടികൾ സ്വീകരിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും കോൺഗ്രസ് അധ്യക്ഷൻമാരോട് കോൺഗ്രസ് രാജി ആവശ്യപ്പെട്ടു. പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് അധ്യക്ഷൻമാരുടെ രാജി ആവശ്യപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷൻമാർ രാജിവെയ്ക്കണമെന്നാണ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടത്. അതേസമയം, പാർട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല അറിയിച്ചു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു ഉൾപ്പെടെയുള്ളവർക്കാണ് പുതിയ തീരുമാനത്തോടെ സ്ഥാനം നഷ്ടപ്പെടുക. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണം നിലനിന്നിരുന്ന ഏക സംസ്ഥാനമായിരുന്നു പഞ്ചാബ്. വലിയ തിരിച്ചടിയാണ് ഇവിടെ കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. പിസിസി അധ്യക്ഷൻ സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരൺജിത് സിങ് ചന്നി ഉൾപ്പെടെയുള്ളവർ പഞ്ചാബിൽ പരാജയപ്പെട്ടു.

