പാകിസ്താനിലേക്ക് മിസൈൽ പ്രയോഗിച്ചത് ഖേദകരം; വിശദീകരണവുമായി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പാകിസ്താനിലേക്ക് മിസൈൽ പ്രയോഗിച്ചത് ഖേദകരമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സർക്കാർ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മിസൈൽ യൂണിറ്റിലെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കിടെ, വൈകുന്നേരം ഏഴ് മണിയോടെ, ഒരു മിസൈൽ അബദ്ധത്തിൽ വിട്ടു. മിസൈൽ പാകിസ്താൻ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം ഖേദകരമാണ്. എന്നാൽ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്തിന്റെ ആയുധ സംവിധാനത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായും, ഇന്ത്യയുടെ മിസൈൽ സംവിധാനം വളരെ വിശ്വസനീയവും സുരക്ഷിതവുമാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ സായുധ സേന നന്നായി പരിശീലിപ്പിക്കപ്പെട്ടവരും അച്ചടക്കമുള്ളവരുമാണെന്നും അദ്ദേഹം വിശദമാക്കി.

ഹരിയാനയിലെ സിർസ വ്യോമതാവളത്തിൽ നിന്നാണ് ഇന്ത്യയുടെ സൂപ്പർസോണിക് മിസൈൽ കുതിച്ചുയർന്നത്. പാകിസ്താന്റെ ഭൂപ്രദേശമായ മിയ ചന്നുവിനടുത്ത് മിസൈൽ പതിച്ചുവെന്നായിരുന്നു പാകിസ്താന്റെ ആരോപണം. വിഷയം പരിശോധിച്ച ശേഷമാണ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. പിന്നീട് ഇന്ത്യ വിശദീകരണം നൽകുകയും ചെയ്തിരുന്നു.

മാർച്ച് ഒൻപതിന് പതിവ് പരിശോധനയ്ക്കിടെ സംഭവിച്ച വലിയ പിഴവിനെ തുടർന്ന് മിസൈൽ പറന്നുയർന്നു. ഈ മിസൈൽ പാകിസ്താന്റെ ഭൂപ്രദേശത്ത് പതിച്ചു. ഈ സംഭവം ഏറെ ദുഃഖകരമാണ്. ആളപായം ഉണ്ടായില്ല എന്നത് ആശ്വാസകരമാണ്. സംഭവത്തെ ഇന്ത്യൻ സർക്കാർ ഗൗരവത്തിലാണ് സമീപിക്കുന്നത്. ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.