സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ജീവനക്കാരുടെ വിവരങ്ങളും ഏകോപിപ്പിക്കും; സ്വകാര്യ സോഫ്‌റ്റ്വെയറുമായി സര്‍ക്കാര്‍

കോഴിക്കോട്: മുപ്പതിനായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും 9 ലക്ഷത്തോളം ജീവനക്കാരുടെ വിവരങ്ങളും ഏകോപിപ്പിക്കാന്‍ സ്വകാര്യ സോഫ്റ്റ്വെയര്‍ നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍. 125 കോടിരൂപക്കടുത്താണ് പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നത്. ‘ഗവണ്‍മെന്റ് – 360 ഡിഗ്രി’ എന്നു വിശേഷിപ്പിക്കുന്ന എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിങ് (ഇആര്‍പി) പ്ലാറ്റ്‌ഫോം രൂപീകരിക്കാനുള്ള ടെന്‍ഡര്‍ മാര്‍ച്ച് 28നകം സമര്‍പ്പിക്കണം.

അതേസമയം, നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ച ഇ-ഓഫീസ്, സ്പാര്‍ക്ക് ഉള്‍പ്പെടെയുള്ള വിവിധ സോഫ്റ്റ്വെയറുകള്‍ക്ക് പുറമെയാണ് പുതിയ സോഫ്റ്റ്വെയര്‍ വരുന്നത്. നിലവിലുള്ളവ പുതിയ സോഫ്റ്റ്വെയറുമായി സംയോജിപ്പിക്കണം എന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള മാര്‍ഗരേഖയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എന്‍ഐസിയുടെ ഇ-ഓഫീസിന് പകരം സ്വകാര്യ സോഫ്റ്റ്വെയര്‍ നടപ്പാക്കാനുള്ള നീക്കം ഉണ്ടായെങ്കിലും ഇടതു സംഘടനകള്‍ തന്നെ പ്രതിഷേധവുമായി മുന്നോട്ടുവരികയും പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതുകയും ചെയ്തതോടെ സര്‍ക്കാര്‍ പിന്മാറിയിരുന്നു.

ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ മാനവശേഷി സംബന്ധമായ എല്ലാ വിവരങ്ങളും പുതിയ സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കി, പിന്നീടുള്ള 5 വര്‍ഷം സേവനം നല്‍കിയ ശേഷം സോഫ്റ്റ്വെയര്‍ സംസ്ഥാന ഐടി മിഷന് കൈമാറണം.