ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊടുംകുറ്റവാളികൾ തൊഴിലാളികളെന്ന വ്യാജേന സംസ്ഥാനത്ത് എത്തുന്നു; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം അഞ്ചര ലക്ഷത്തോളമെന്ന് കണക്കുകൾ. മന്ത്രി വി. ശിവൻകുട്ടി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആവാസ് പദ്ധതി മുഖേന തൊഴിലാളികളുടെ രജിസ്ട്രേഷൻ നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 5,13,359 രജിസ്റ്റർ ചെയ്ത് ആവാസ് കാർഡ് വിതരണം ചെയ്തിട്ടുണ്ട്. മാർച്ച് ഏഴ് വരെയുള്ള കണക്കുകൾ അനുസരിച്ചുള്ള വിവരമാണിത്. 58,888 തൊഴിലാളികൾ കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊടുംകുറ്റവാളികൾ വ്യാജ തിരിച്ചറിയൽ കാർഡുമായി തൊഴിലാളികളെന്ന വ്യാജേന സംസ്ഥാനത്ത് എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയവിവരങ്ങളനുസരിച്ച് ആലപ്പുഴ ജില്ലയിലെ വെൺമണി പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.