ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വേണ്ടെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിനും രാജ്യത്തിനും മുന്നോട്ട് പോകേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ അടിസ്ഥാന കർത്തവ്യം പഠിക്കുക എന്നതാണ്. അതിനാൽ മറ്റെല്ലാം മാറ്റി വെച്ച് പഠിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഹിജാബ് ധരിക്കുക എന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി ഇന്ന് തള്ളിയത്. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. 11 ദിവസമാണ് കോടതി കേസിൽ വാദം കേട്ടത്.
അതേസമയം ഹിജാബുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ കർണാടകയിൽ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു, കലബുർഗി, ഹാസ്സൻ, ദാവൻകരെ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിലാണ് ഹിജാബ് കേസിൽ കർണാടക ഹൈക്കോടതി വിധി പ്രസ്താവം നടത്തിയത്. ഉഡുപ്പിയിലെ സർക്കാർ കോളേജിൽ നിന്നും ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യവ്യാപകമായി വിവാദം സൃഷ്ടിക്കുകയായിരുന്നു. നിരവധി വിദ്യാർത്ഥികളാണ് ഹിജാബ് വിവാദത്തെ തുടർന്ന് പരീക്ഷ ബഹിഷ്‌ക്കരിച്ചത്.

