മുംബൈ: കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ 1980കളുടെ അവസാനത്തില്‍ പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്, പ്രദേശത്ത് കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ കേരള ഘടകം ചിത്രത്തെ കുറിച്ച് ആരോപിച്ചത്. ഈ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ‘ദ കശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി. പ്രിയപ്പെട്ട രാഹുല്‍ ജീ, നിങ്ങളുടെ അമ്മൂമ്മയ്ക്ക് മറിച്ചാണ് തോന്നിയത് എന്ന് പറഞ്ഞു കൊണ്ടാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കത്ത് വിവേക് രഞ്ജന്‍ പങ്കുവച്ചിരിക്കുന്നത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.നിര്‍മല മിത്രയ്ക്ക് 1981ല്‍ ഇന്ദിരാഗാന്ധി എഴുതിയ കത്താണിത്. ‘നിങ്ങളുടെ ആശങ്കകള്‍ ഞാനും പങ്കു വയ്ക്കുകയാണ്. കശ്മീരില്‍ ജനിച്ച നിങ്ങള്‍ക്കോ, അവിടെ പൂര്‍വ്വികരുള്ള എനിക്കോ ആ പ്രദേശത്ത് ഒരു ചെറിയ തുണ്ട് ഭൂമിയോ വീടോ സ്വന്തമാക്കാന്‍ സാധിക്കുന്നില്ല എന്നതില്‍ ഞാനും ഏറെ അസന്തുഷ്ടയാണ്. പക്ഷേ ഈ വിഷയം ഇപ്പോള്‍ എന്റെ കയ്യിലല്ല. ഇന്ത്യയിലെ മാദ്ധ്യമങ്ങളും അതിന്റെ വിദേശ പ്രതിനിധികളുമെല്ലാം എന്നെ ഒരു സ്വേച്ഛാധിപതിയായി ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇതൊരു തടസ്സമായി മാറുകയാണ്. ലഡാക്കില്‍ നിന്നുള്ള ബുദ്ധമതവിശ്വാസികളും കശ്മീരി പണ്ഡിറ്റുകളും വളരെയധികം വിവേചനവും, മോശം പെരുമാറ്റവും നേരിട്ടു’- ഇന്ദിരാഗാന്ധി കത്തില്‍ പറയുന്നു.
Dear @rahulgandhi ji, your grandmother felt differently. Pl read this letter. https://t.co/7DU2Qmj7E3 pic.twitter.com/Wjyg4GDp34
— Vivek Ranjan Agnihotri (@vivekagnihotri) March 13, 2022
1990 മുതല്‍ 2007 വരെയുള്ള 17 വര്‍ഷത്തിനിടെ 399 കശ്മീരി പണ്ഡിറ്റുകള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും, എന്നാല്‍, ഇതേ കാലയളവില്‍ ഭീകരര്‍ കൊലപ്പെടുത്തിയ മുസ്ലീങ്ങളുടെ എണ്ണം 15,000 ആണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. പണ്ഡിറ്റുകളുടെ പലായനത്തിന് ഉത്തരവാദികള്‍ ബിജെപിയും ആര്‍എസ്എസുമാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, വിവാദമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.

