ന്യൂഡൽഹി: ബിജെപി മക്കൾ രാഷ്ട്രീയത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മക്കൾ രാഷ്ട്രീയം ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിൽ മക്കൾ രാഷ്ട്രീയം അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി എംപിമാരുടെ മക്കൾക്ക് സ്ഥാനം ലഭിക്കാത്തത് താൻ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനയ്ക്കുള്ളിലെ ഇത്തരം കീഴ്വഴക്കങ്ങൾ ബിജെപി പരിശോധിക്കണം. ഇതിനെതിരെ ശക്തമായി പോരാടണം. കുടുംബ വാഴ്ച്ചക്കെതിരായ പോരാട്ടം സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ പരിശ്രമിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനം അറിയിക്കുയും ചെയ്തു. അതേസമയം, മണ്ഡലത്തിൽ ബിജെപിക്കു വോട്ടു കുറഞ്ഞ ബൂത്തുകൾ കണ്ടെത്തി കാരണങ്ങൾ പരിശോധിക്കണമെന്ന് അദ്ദേഹം എംപിമാരോട് നിർദ്ദേശിക്കുകയും ചെയ്തു.

