ലൈബ്രറിയും ലൈബ്രേറിയനും വേണം;സംസ്ഥാന സര്‍ക്കാരിന് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നല്ലൊരു ലൈബ്രറി സ്ഥാപിക്കാനും വിദഗ്ദ പരിശീലനം ലഭിച്ച ഒരു ലൈബ്രേറിയനെ നിയമിക്കാനും സംസ്ഥാന സര്‍ക്കാരിന് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. രണ്ടായിരത്തോളം ലൈബ്രേറിയന്മാരുടെ തസ്തിക സൃഷ്ടിക്കേണ്ടി വരുമെന്നത് വലിയ ബാധ്യതയാകുമെന്നായിരുന്നു സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍, ലൈബ്രറികള്‍ സ്ഥാപിക്കാതിരിക്കുന്നത് കുട്ടികളുടെ ബാലാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉടന്‍ ലൈബ്രറി സ്ഥാപിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിക്കുന്നതിന് 2015ല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഈ ആവശ്യം നടപ്പിലാക്കുന്നതിന് അനുകൂലമായി ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവുകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സര്‍ക്കാര്‍ തടസ്സമായി കാണുന്നത്. കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസൃതമായി പാഠ്യപദ്ധതിയിലും, പഠനക്രമത്തിലുമെല്ലാം മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പ്രിന്റഡ് രൂപത്തിലുള്ളതും ഇ-സംവിധാനത്തിലും ധാരാളം ബുക്കുകള്‍ നിലവിലുള്ള ഈ കാലത്ത് കുട്ടികളുടെ അറിവുകളും സാങ്കേതിക പരിജ്ഞാനവും വര്‍ധിപ്പിക്കുന്നതിന് ലൈബ്രറികളുടെ പങ്ക് വളരെ വലുതാണ്.

ഹയര്‍സെക്കന്‍ഡറി പഠനകാലത്ത് കുട്ടികള്‍ പല പ്രൊജക്ടുകളും ചെയ്യുന്ന രീതി ആരംഭിച്ചിരിക്കുന്നതിനാല്‍ എല്ലാ സ്‌കൂളുകളിലും നല്ല ഒരു ലൈബ്രറിയും കുട്ടികളെ വായനാശീലത്തിലേക്ക് നയിക്കുന്നതിനും അവരുടെ പഠനത്തിന് ആവശ്യമായ പുസ്തങ്ങള്‍ കണ്ടെത്തി നല്‍കുന്നതിനും ലൈബ്രറി മാനേജ്‌മെന്റില്‍ പരിജ്ഞാനമുള്ള ഒരു മുഴുവന്‍ സമയ ലൈബ്രേറിയന്റെ ആവശ്യകത ഉള്ളതായും കമ്മിഷന്‍ കരുതുന്നു. നിലവില്‍ ലൈബ്രറി സയന്‍സ് കോഴ്‌സ് പാസായ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഉള്ളതായും വെളിവാകുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുക എന്നതും ഒരു സര്‍ക്കാരിന്റെ ചുമതലയാണ്.

സര്‍ക്കാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ മുന്‍ഗണന ആവശ്യമുള്ള പദ്ധതികളാണ് ആദ്യം നടപ്പില്‍ വരുത്തേണ്ടത്. അറിവിന്റേയും കഴിവിന്റേയും മേഖലകളില്‍ നമ്മുടെ കുട്ടികളെ കൂടുതല്‍ ഉതന്നതിയിലേക്ക് നയിക്കുന്നതില്‍ ലൈബ്രറികള്‍ക്ക് വലിയൊരു പങ്കുണ്ട്. ആയതിനാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നല്ല ഒരു ലൈബ്രറി സ്ഥാപിക്കാനും പ്രവര്‍ത്തനം സുഗമമാക്കാന്‍ വിദഗ്ധ പരിശീലനം ലഭിച്ച ലൈബ്രേറിയനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഉത്തരവിടുന്നു.