മീഡിയാ വണ്‍ വിലക്കിന് സുപ്രീംകോടതി സ്‌റ്റേ; സംപ്രേഷണം തുടരാം

ന്യൂഡല്‍ഹി: രാഷ്ട്ര സുരക്ഷയുടെ പേരില്‍ മീഡിയാ വണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയ വണിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതായി ഞങ്ങള്‍ വിധിക്കുന്നു. ഹരജിക്കാര്‍ക്ക്, മീഡിയവണ്‍ ചാനല്‍ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കുന്നതിനു മുമ്ബുള്ള അതേ അടിസ്ഥാനത്തില്‍ നടത്താം. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്താണെന്ന് അറിയാന്‍ ഹരജിക്കാര്‍ക്ക് അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഫയലുകള്‍ പുറത്തു വിടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ല’- സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമെന്നും ഇടക്കാല ഉത്തരവു വേണമെന്നുമാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാരജായ ദുഷ്യന്ത് ദവെ വാദിച്ചത്. ’11 വര്‍ഷത്തെ ഉത്തരവാദിത്തപരമായ മാധ്യമപ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാണെന്ന് വിലക്കെന്ന് പറയുന്നു. ലൈസന്‍സിനായി മെയില്‍ തന്നെ അപേക്ഷ നല്‍കിയിട്ടുണ്ട്. ജനുവരിയിലാണ് സുരക്ഷാ കാരണം പറഞ്ഞു വിലക്കുന്നത്. സീല്‍ഡ് കവറാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. സീല്‍ഡ് കവറുമായി വരേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ട്.’ – ദവെ വ്യക്തമാക്കി.

കേന്ദ്ര നടപടി ചോദ്യം ചെയ്ത് മാധ്യമം മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും ജീവനക്കാരും സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുന്നൂറോളം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഉള്‍പ്പെടെ പ്രതിസന്ധിയിലാണ് അതിനാല്‍ കോടതി ഇടപെടല്‍ ആവശ്യമാണെന്ന് അറിയിച്ചിരുന്നു. ചാനലിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവച്ചതിന് പിന്നാലെയാണ് ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ഉള്ളതിനാലാണ് സുരക്ഷാ ക്ലിയറന്‍സ് നല്‍കാത്തത് എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെയും ഉത്തരവ്.