ശബരിമല വിമാനത്താവള പദ്ധതി യാഥാർത്ഥ്യമാകേണ്ടതാണ്; അനുകൂല നടപടിയുമായി പാർലമെന്ററി സമിതി

ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന് അനുകൂല നീക്കവുമായി പാർലമെന്ററി സമിതി. വിമാനത്താവള പദ്ധതി തീർഥാടക ടൂറിസത്തിനു വളർച്ചയുണ്ടാക്കുമെന്ന് സമിതി വിലയിരുത്തി. ഇതുസംബന്ധിച്ച റിപ്പോർട്ടും സമിതി പുറത്തിറക്കി. വ്യോമ, പ്രതിരോധ മന്ത്രാലയങ്ങൾ കെ.എസ്.ഐ.ഡി.സിയുമായി ചർച്ച നടത്തണമെന്നും തിരുവനന്തപുരം, കൊച്ചി ടൂറിസം സർക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നുമാണ് സമിതിയുടെ നിർദ്ദേശം.

വിമാനത്താവള പദ്ധതി യാഥാർത്ഥ്യമാകേണ്ടതാണെന്നാണ് ബി.ജെ.പി എം.പി ടി.ജി.വെങ്കിടേഷ് അദ്ധ്യക്ഷനായ പാർലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വിമാനത്താവളത്തിന് അനുമതി തേടി കെ.എസ്.ഐ.ഡിസി 2020 ജൂണിൽ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളിയിലാണ് ശബരിമല വിമാനത്താവളം സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയ്ക്ക് വ്യോമസേനയുടെ ‘സൈറ്റ് ക്ലിയറൻസ്’ ലഭിച്ചെങ്കിലും മറ്റ് നടപടികൾ പൂർത്തിയായിട്ടില്ല.