ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്നതാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം പ്രഖ്യാപനം വന്നതോടെ ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചര്‍ച്ചയാണ് എങ്ങും. ഇപ്പോഴിതാ മാര്‍ച്ച് 27മുതല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിക്കുമെന്ന് പുതിയ പ്രൊമോയിലൂടെ മോഹന്‍ലാല്‍ അറിയിച്ചിരിക്കുകയാണ്. ‘സംഗതി കളറാകും’ എന്ന ടാഗ് ലൈനോടു കൂടിയാണ് പുതിയ പ്രൊമോ വന്നിട്ടുള്ളത്. ഏതൊക്കെ മാനദണ്ഡം നോക്കിയാണ് മത്സരാര്‍ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നും വീഡിയോയില്‍ മോഹന്‍ലാല്‍ വിവരിക്കുന്നുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളില്‍ ഒമ്പത് മണിക്കുമാണ് ഷോ സംപ്രേഷണം ചെയ്യുക.
സീസണിന്റെ ലോഗോ നേരത്തെ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ആരോക്കെയാകും ഇത്തവണ മത്സരാര്‍ത്ഥികളായി എത്തുന്നത് എന്ന വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാള്‍ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകര്‍ക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവില്‍ വീട്ടില്‍ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു.

