ഏകപക്ഷീയം; രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ആധികാരിക ജയം

ബംഗളൂരു: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് 238 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ടെസ്റ്റ് പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.

ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാത്ത ഓപ്പണര്‍ ലഹിരു തിരിമന്നെയെ ജസ്പ്രിത് ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു. എന്നാല്‍, ക്യാപ്ടന്‍ ദിമുത് കരുണാരത്‌നെയും കുസാല്‍ മെന്‍ഡിസും ചേര്‍ന്ന് ലങ്കയെ കരകയറ്റി. 54 റണ്ണെടുത്ത് മെന്‍ഡിസും 107 റണ്ണെടുത്ത കരുണാരത്‌നെയും പുറത്തായതോടെ ശ്രീലങ്ക വീണു.

ഒരുഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയിലായിരുന്ന ലങ്ക 208ന് എല്ലാവരും പുറത്താകുകയായിരുന്നു. വെറും ആറ് റണ്‍സിനാണ് ലങ്കയുടെ അവസാന നാലു വിക്കറ്റുകള്‍ വീണത്. ലങ്കന്‍ നിരയില്‍ കരുണാരത്‌നെയ്ക്കും മെന്‍ഡിസിനും 12 റണ്‍സെടുത്ത നിരോഷന്‍ ഡിക്ക്വെലെയ്ക്കും ഒഴിച്ച് മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും ബൗളിംഗില്‍ തിളങ്ങി. അക്‌സര്‍ പട്ടേല്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റുമെടുത്തു. സ്‌കോര്‍: ഇന്ത്യ 252 & 303-9 ഡിക്‌ളയേര്‍ഡ്; ശ്രീലങ്ക 109 & 208