ന്യൂഡൽഹി: രാജ്യത്ത് 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ കുത്തിവെയ്പ്പിന് ബുധനാഴ്ച്ച തുടക്കം കുറിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോർബോവാക്സാണ് കുട്ടികൾക്ക് കുത്തിവെയ്ക്കുന്നത്.
അതേസമയം, രാജ്യത്ത് 60 വയസിന് മുകളിലുള്ള എല്ലാവർക്കും ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനമായി. നിലവിൽ അറുപതു വയസ്സിന് മുകളിലുള്ള മറ്റു അസുഖങ്ങളുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ബുധനാഴ്ച്ച മുതൽ എല്ലാവർക്കും വാക്‌സിൻ ലഭിക്കും. ഈ വർഷം ജനുവരി മുതലാണ് രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്കും അറുപത് വയസിന് മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ചത്.
2021 ജനുവരി മാസം മുതലാണ് രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കുമാണ് ആദ്യം വാക്‌സിൻ നൽകിയത്. മാർച്ച് മാസം അറുപത് വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി. രണ്ടു മാസത്തിന് ശേഷം പതിനെട്ട് വയസിന് മുകളിലുള്ളവരും വാക്സിനേഷന്റെ ഭാഗമായി. 2022 ജനുവരിയിൽ 15 മുതൽ 18 വയസ്സ് മുതലുള്ള കുട്ടികൾക്കും വാക്സിൻ നൽകാൻ ആരംഭിച്ചു. 180 കോടിയിൽ അധികം ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

