എല്ലാവരും കാണേണ്ട സിനിമ; കശ്മീര്‍ ഫയല്‍സിന് പിന്തുണയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ദ കശ്മീര്‍ ഫയല്‍സി’നെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘തീര്‍ച്ചയായും എല്ലാവരും കാണേണ്ട സിനിമയാണ് കശ്മീര്‍ ഫയല്‍സ്‌. ഇത്തരം സിനിമകള്‍ സത്യം പുറത്തു കൊണ്ടുവരുന്നവയാണ്. ഈ സിനിമയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിയ മുഴുവന്‍ ആളുകളും കഴിഞ്ഞ അഞ്ചാറ് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തില്‍ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്’- മോദി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ചിത്രത്തെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. പല മുഖ്യമന്ത്രിമാരും ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പോലീസുകാര്‍ക്ക് സിനിമ കാണുന്നതിന് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കശ്മീര്‍ കലാപവും പണ്ഡിറ്റുകളുടെ പലായനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും പുറത്തു വന്നിരുന്നു.

സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി, ഭാര്യയും നടിയുമായ പല്ലവി ജോഷി, നിര്‍മ്മാതാവ് അഭിഷേക് എന്നിവരുള്‍പ്പെടെയുള്ള സംഘം സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.