വാഷിംഗ്ടൺ: റഷ്യയ്ക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക. യുക്രൈനിൽ ആക്രമണം കടുപ്പിക്കാനായി റഷ്യ ചൈനയുടെ സൈനിക സഹായം തേടിയതായാണ് അമേരിക്കയുടെ വെളിപ്പെടുത്തൽ. ഏത് തരത്തിലെ ആയുധങ്ങളാണ് റഷ്യ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ലെന്നും അമേരിക്ക പറയുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നേരിടാൻ സാമ്പത്തിക സഹായവും റഷ്യ ചൈനയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിസ, മാസ്റ്റർ കാർഡ് എന്നിവ റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തുടർന്ന് അന്താരാഷ്ട്ര ഇടപാടുകൾക്കായി ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതിലുള്ള യൂണിയൻ പേ, റഷ്യയുടെ മിർ എന്നിവ ചേർന്ന് നിർമിക്കുന്ന കോ- ബാഡ്ജ് കാർഡുകൾ പുറത്തിറക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് റഷ്യൻ ബാങ്കുകൾ ചൈനീസ് ബാങ്കുകളുമായി ചർച്ചകൾ നടത്തുകയാണെന്ന വിവരവും പുറത്തു വന്നിരുന്നു. അതേസമയം റഷ്യ ചൈനയിൽ നിന്നും ആയുധം വാങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ അമേരിക്കയിലെ ചൈനീസ് എംബസിയുടെ വക്താവ് ലിയു പെൻഗ്യു നിഷേധിച്ചു.
ഉപരോധങ്ങൾ മറികടക്കാൻ റഷ്യയെ സഹായിക്കുന്നതിന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈന പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

