കൂട്ടായ തീരുമാനങ്ങളില്ല, മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നു; രാഹുലിനെ കടന്നാക്രമിച്ച് ജി-23 നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ കൂട്ടായ തീരുമാനങ്ങള്‍ ഇല്ലെന്നും മുതിര്‍ന്ന നേതാക്കളെ രാഹുല്‍ അവഗണിക്കുന്നുവെന്നും വിമര്‍ശനമുന്നയിച്ച് ജി-23 നേതാക്കള്‍. ഞായറാഴ്ച രാത്രി ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുലിനെതിരെ നേതാക്കള്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

‘മുതിര്‍ന്ന നേതാക്കളെ പാടെ അവഗണിക്കുന്ന സമീപനമാണ് രാഹുല്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങളില്ല. രാഹുല്‍ ഗാന്ധിയും ഏതാനും പേരും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുകയാണ്. നിലവില്‍ രാഹുല്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനല്ല, പക്ഷെ സംഘടനാകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ്. അധികാരസ്ഥാനത്തില്ലാത്ത ഒരാള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല. പഞ്ചാബിലെ തീരുമാനങ്ങള്‍ പൂര്‍ണമായും പാളിയതിന് ഉത്തരവാദികള്‍ രാഹുലും പ്രിയങ്കയുമാണ്. അമരീന്ദര്‍ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയ സമയം ശരിയായില്ല. ഹരീഷ് റാവത്തിനെ അവസാന നിമിഷമാണ് ഉത്തരാഖണ്ഡിലേക്ക് തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി നിയോഗിച്ചത്. ഇതും അവിടുത്തെ തിരിച്ചടിക്ക് കാരണമായി’- ഗുലാം നബി ആസാദ് വ്യക്തമാക്കി.

അതേസമയം, പഞ്ചാബില്‍ 68 എം.എല്‍.എമാര്‍ അമരീന്ദറിന് എതിരായതിനാലാണ് അദ്ദേഹത്തെ മാറ്റേണ്ടിവന്നതെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. യുപിയില്‍ സംഘടനാ ദൗര്‍ബല്യം തിരിച്ചടിയായി. താഴെത്തട്ടില്‍ സംഘടനയില്ലാത്ത സാഹചര്യം നിലനിന്നു. ധ്രുവീകരണം പാര്‍ട്ടിവോട്ടുകളെ വലിയരീതിയില്‍ ബാധിച്ചെന്ന് പ്രിയങ്കയും പ്രതികരിച്ചു. ഉത്തരാഖണ്ഡില്‍ താഴെത്തട്ടിലെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് വഴിവെച്ചെന്നാണ് സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം.