കോൺഗ്രസ് പ്രവർത്തകർക്ക് തന്നെ വിമർശിക്കാൻ അവകാശമുണ്ട്; കെ സി വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകർക്ക് തന്നെ വിമർശിക്കാൻ അവകാശമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. താൻ വിമർശനത്തിന് അതീതനല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ സ്വാഭാവികമായും പ്രവർത്തകർക്ക് വിഷമം ഉണ്ടാകുമെന്നും അതിൽ നിന്നുയരുന്ന പ്രതിഷേധങ്ങൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കെ സി വേണുഗോപാലിനെതിരെ വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തോൽവിയെക്കുറിച്ച് വസ്തു നിഷ്ഠമായ പഠനം നടത്തിയാലല്ലേ എന്തുകൊണ്ടാണ് തോറ്റതെന്ന് മനസിലാകു. ഇപ്പോൾ തങ്ങൾ മാത്രമല്ലല്ലോ തോറ്റതെന്നും ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്കുൾപ്പെടെ വലിയ തിരിച്ചടിയുണ്ടായില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. പാർട്ടികൾ തോൽക്കുന്നത് എന്തുകൊണ്ടാണ് എന്നതിൽ പരിശോധന വേണം. അത്തരത്തിൽ വിലയിരുത്തലുകൾ നടത്തി ആവശ്യമായ തിരുത്തലുകൾ കൊണ്ടുവരണം. അതിനാണ് ഇന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി കൂടി ഏകകണ്ഠമായിട്ട് കോൺഗ്രസ് പ്രസിഡന്റിനോട് തെരഞ്ഞെടുപ്പ് മുന്നിൽ നിന്ന് നയിക്കാൻ ആവശ്യപ്പെട്ടത്. അടിയന്തരമായ രാഷ്ട്രീയ മാറ്റങ്ങൾ ചെയ്യാനും അവരെ ചുമതലപ്പെടുത്തകയാണ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പിലെ തോൽവിയിൽ കൂട്ടുത്തരവാദിത്തമാണ് ചർച്ചയിലുണ്ടായത്. പാർട്ടിയുടെ തന്ത്രങ്ങൾ പുനരാലോചിക്കാൻ പ്രവർത്തക സമിതിയിൽ തീരുമാനമായി. പ്രവർത്തക സമിതിയിൽ വിശദമായ ചർച്ച നടന്നു. നേതൃത്വത്തിൽ പ്രവർത്തക സമിതി വിശ്വാസം അർപ്പിച്ചു. ഓഗസ്റ്റ് 20 കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഗാന്ധി കുടുംബങ്ങൾക്ക് മാത്രമേ മത്സരിക്കാവു എന്നില്ല. ആർക്ക് വേണമെങ്കിലും മത്സരിക്കാം. എല്ലാ ഘടകങ്ങളിലും നാലു മാസം കൊണ്ട് തെരഞ്ഞെടുപ്പ് നടക്കുകയാണെന്നും മാധ്യമങ്ങൾ പറയുന്നതും പൊതു ചർച്ചയും അടിസ്ഥാനമാക്കി കോൺഗ്രസ് കമ്മിറ്റിക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.