തിരുവനന്തപുരം: വിദ്യാർഥികളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ട വിവാദ പരാമർശം തിരുത്തി ഗതാഗതമന്ത്രി ആന്റണി രാജു. പ്രസ്താവനയിലെ ഒരു ഭാഗം അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യയാത്ര പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബസിലെ കൺസഷൻ നിരക്ക് പരമാവധി കുറയ്ക്കാനാണ് വകുപ്പിന്റെ നീക്കം. ഇടതുമുന്നണിയിൽ സമവായമുണ്ടായ ശേഷമേ ബസ് ചാർജ് വർധിപ്പിക്കൂ. വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ കൺസഷൻ നിരക്ക് വിദ്യാർഥികൾക്കുതന്നെ നാണക്കേടാണെന്നായിരുന്നു ആന്റണി രാജുവിന്റെ പരാമർശം. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. എസ്എഫ്‌ഐയും മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.
മന്ത്രിയുടെ പ്രസ്താവന അപക്വവും നിരുത്തവാദപരവും ആണെന്നും തിരുത്തണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. വിദ്യാർഥി കൺസഷൻ ഔദാര്യമല്ലെന്നാണ് കെഎസ്യു വ്യക്തമാക്കിയത്.

