തിരുവനന്തപുരം: ഹണിട്രാപ്പുമായി പാക് ചാരസംഘടനകൾ സജീവമാണെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ച സർക്കുലറിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. രാജ്യത്തെ വിവിധ ഏജൻസികളെ ലക്ഷ്യമിട്ട് പാകിസ്താൻ ചാരസംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥർ ഇതിനോടകം ചാരസംഘടനകൾ ഒരുക്കിയ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുമുണ്ടെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളെ ഉപയോഗിച്ചാണ് സമൂഹമാദ്ധ്യമങ്ങളിൽ ഹണിട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള ഹണി ട്രാപ്പ് സംഭവങ്ങളുണ്ടായാൽ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചു. രഹസ്യവിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹണി ട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തിൽ കേരള പൊലീസിനും രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് കിട്ടിയിട്ടുണ്ടെന്നും സർക്കുലറിൽ വിശദമാക്കുന്നുണ്ട്.

