ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തക സമിതി യോഗത്തിൽ സ്വയം വിമർശിച്ച് സോണിയാ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം വിശദമായി പരിശോധിക്കുമെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. കനത്ത തിരിച്ചടി പരിശോധിച്ച് തിരുത്തൽ നടപടി സ്വീകരിക്കും. കേരളത്തിൽ സ്വീകരിച്ചത് പോലുള്ള നടപടികൾ സ്വീകരിക്കാൻ ഒരുക്കമാണെന്നും സോണിയാ ഗാന്ധി അറിയിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. ഒറ്റക്കെട്ടായി നിൽക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, നേത്വത്തിനെതിരെ ഉയർന്ന പരസ്യ വിമർശനങ്ങൾ തെറ്റാണെന്ന നിലപാടും സോണിയാ ഗാന്ധി സ്വീകരിച്ചു.
പരാജയത്തിൽ വിമർശനം ഉന്നയിക്കുന്നവർ ഇതിൽ സ്വന്തം വീഴ്ചകൾ കൂടി പരിശോധിക്കണം. പാർട്ടിയുടെ താത്പര്യങ്ങൾ പരിഗണിച്ചാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഒരു സ്ഥിരം അധ്യക്ഷൻ പാർട്ടിക്കുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
നെഹ്റു കുടുംബത്തിന് അനുകൂലമായി കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ജാർഖണ്ഡ് കോൺഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് നെഹ്റു കുടുംബം അനുവാര്യമെന്നാണ് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

