കണ്‍സഷന്‍ നിരക്ക് വര്‍ധന: മന്ത്രിയുടെ പ്രസ്താവനക്കെതിരെ എസ്എഫ്‌ഐ അടക്കം വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനക്കെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ തന്നെ നാണക്കേടായാണ് കാണുന്നതെന്നും, അഞ്ച് രൂപ കൊടുത്ത് പലരും ബാക്കി വാങ്ങാറില്ലെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനായാണ് വിവാദത്തിലായിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ യോജിപ്പില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് പ്രതികരിച്ചു. ‘വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ട്. അവരുടെ പ്രയാസങ്ങള്‍ മനസിലാക്കണം. ആന്റണി രാജു പറഞ്ഞത് കുട്ടികള്‍ അത്യാവശ്യം സാമ്പത്തികമുള്ളവരായി മാറി എന്നാണ്. എല്ലാ വിഭാഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളുടെയും പ്രയാസങ്ങള്‍ മനസിലാക്കണം. അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് എസ്.എഫ്.ഐ. അല്ലാത്ത കുട്ടികള്‍ വളരെ കുറഞ്ഞ ശതമാനം ഒക്കെ ഉണ്ടാകാം. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തും. നേരത്തെ ഗതാഗത വകുപ്പ് മന്ത്രിയും വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചതാണ്. അവിടെയും കാര്യങ്ങള്‍ ഞങ്ങള്‍ വിശദീകരിച്ചതാണ്’- സച്ചിന്‍ദേവ് പ്രതികരിച്ചു.

അതേസമയം, മന്ത്രി നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്തും ആവശ്യപ്പെട്ടു. ‘മന്ത്രി പ്രതിനിധീകരിക്കുന്ന മത്സ്യബന്ധന കുടുംബങ്ങളെയോ, കര്‍ഷകനെയോ, കച്ചവടക്കാരനെയോ പാവപ്പെട്ടവനെയോ കാണാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രസ്താവന അദ്ദേഹം നടത്തില്ലായിരുന്നു. പൊതുജനത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന പ്രവണത അവസാനിപ്പിക്കണം’- അഭിജിത്ത് പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന തീര്‍ത്തും അപഹാസ്യമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രതികരിച്ചു. നാളെയുടെ വാഗ്ദാനങ്ങളെന്നും പ്രതീക്ഷകളെന്നും പറഞ്ഞ് തിരഞ്ഞെടുപ്പ് വേളകളില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചവര്‍ക്ക്, ഇന്ന് അവര്‍ നല്‍കുന്ന നാണയ തുട്ട് പോലും നാണക്കേട് ആയെന്നും വിദ്യാര്‍ത്ഥികളെ അപമാനിച്ച മന്ത്രി ആന്റണി രാജു വിദ്യാര്‍ത്ഥി സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.