ഇതിഹാസത്തെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി റിഷഭ് പന്ത്‌

ബംഗളൂരു: ശ്രീലങ്കക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ പിന്നിലാക്കി വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി റിഷഭ് പന്ത്‌.

മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ 31 പന്തില്‍ നിന്നും 7 ഫോറും രണ്ട് സിക്‌സുമടക്കം 50 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. വെറും 28 പന്തുകളില്‍ നിന്നാണ് റിഷഭ് പന്ത് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഫിഫ്റ്റി നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന ചരിത്ര റെക്കോര്‍ഡ് പന്ത് സ്വന്തമാക്കി.

1982 ല്‍ പാകിസ്ഥാനെതിരെ കറാച്ചിയില്‍ 30 പന്തില്‍ ഫിഫ്റ്റി നേടിയ സാക്ഷാല്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് റിഷഭ് പന്ത് തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ഓവലില്‍ 31 പന്തില്‍ ഫിഫ്റ്റി നേടിയ ഷാര്‍ദുല്‍ താക്കൂര്‍, 2008 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 32 പന്തില്‍ ഫിഫ്റ്റി നേടിയ വീരേന്ദര്‍ സെവാഗ് എന്നിവരാണ് ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ളത്.