തിരിച്ചുവരണം; നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി

ചെന്നൈ: നാട്ടിലേക്ക് തിരികെ എത്താൻ സന്നദ്ധത പ്രകടിപ്പിച്ച് യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി. റഷ്യക്കെതിരായ യുദ്ധമുഖത്ത് യുക്രൈൻ സേനയ്‌ക്കൊപ്പം ചേർന്നതായി വിവരം ലഭിച്ച തമിഴ്‌നാട് കോയമ്പത്തൂർ ഗൗണ്ടം പാളയം സ്വദേശി സായി നികേഷാണ് വീടുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥിയായ സായ് നികേഷ് വിദേശ പൗരൻമാർ ഉൾപ്പെടുന്ന ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യൻ സൈന്യത്തിൽ ചേരാൻ വേണ്ടി നേരത്തെ സായി നികേഷ് ശ്രമിച്ചിരുന്നു. എന്നാൽ ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടതോടെ സായിയ്ക്ക് ഇന്ത്യൻ സൈന്യത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. വാർ വീഡിയോ ഗെയിമുകളിൽ താത്പര്യമുള്ള സായ് നികേഷ് ഒരു മാസം മുൻപ് അവധിയ്ക്ക് നാട്ടിലെത്തിയപ്പോൾ തന്നെ യുക്രൈൻ സൈന്യത്തിൽ ചേരുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു.

പിന്നീട് സായ് ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം സായ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സായി യുക്രൈൻ സൈന്യത്തിൽ ചേർന്ന വിവരം പുറത്തായതോടെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ സായിയുടെ തമിഴ്‌നാട്ടിലുള്ള വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ സായി നികേഷിന്റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി.