തിരുവനന്തപുരം: മുല്ലപ്പെരിയാർ കേസിൽ കക്ഷിചേരാൻ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഡാം തകരുമെന്ന ആശങ്ക സാങ്കൽപികമാണെന്ന് കരുതി ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അണക്കെട്ടിന്റെ കാലാവധി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുല്ലപ്പെരിയാർ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രിം കോടതിയിൽ രേഖാമൂലം സമർപ്പിച്ചിരുന്നു. ബലപ്പെടുത്തൽ നടപടികൾ കൊണ്ട് 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാൻ കഴിയില്ലെന്നും കേരളം അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി മാറ്റങ്ങളും കേരളം ചൂണ്ടിക്കാട്ടി.
ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014 ലെ കോടതി വിധി പുനഃപരിശോധിക്കണമെന്നും ആവശ്യമെങ്കിൽ വിശാലബെഞ്ചിന് വിടണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടു. കേരളത്തിന് സുരക്ഷയും, തമിഴ്നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങൾ ഉണ്ടാകേണ്ടത്. മേൽനോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കൽ അടക്കമുള്ള നിർദേശങ്ങളും കേരളം വ്യക്തമാക്കിയിരുന്നു.

