ഹൃദ്രോഗം തടയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

സ്ത്രീകളിലെ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ. പലസ്ത്രീകളും ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഹൃദ്രോഗം തടയാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഹൃദയാരോഗ്യത്തിന് പൂരിത കൊഴുപ്പുകൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണം, ചുവന്ന മാംസം എന്നിവ ഒഴിവാക്കണം.

എല്ലാ ആഴ്ചയിലും 150 മിനിറ്റ് മിതമായ എയ്റോബിക് വ്യായാമവും 75 മിനിറ്റ് ശക്തമായ എയ്റോബിക് വ്യായാമവും ചെയ്യാൻ ഡോക്ടർമാർ പറയുന്നു. നടത്തം, ഓട്ടം, ജോഗിംഗ്, നീന്തൽ, നൃത്തം എന്നിവ ഹൃദ്രോഗ സാധ്യത കുറക്കും. ബോഡി മാസ് ഇൻഡക്‌സ് 25-ൽ കൂടുതലോ അരക്കെട്ടിന്റെ ചുറ്റളവ് 35 ഇഞ്ചിൽ കൂടുതലോ ഉള്ള ഏതൊരു സ്ത്രീക്കും ഹൃദ്രോഗ സാധ്യത കൂടുതലാണ്. ചിട്ടയായ വ്യായാമവും കർശനമായ ഭക്ഷണ നിയന്ത്രണവും ശരീരഭാരം കുറയ്ക്കാനും നിലനിർത്താനും സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുകവലിയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. അതിനാൽ ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.