ഗൂഢാലോചന കേസ്: 12 നമ്പറുകളിലേക്കുള്ള ചാറ്റ് വിവരങ്ങള്‍ പ്രതികള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്‌

ഗൂഢാലോചന കേസില്‍ 12 ഫോണ്‍ നമ്പറുകളിലേക്കുള്ള വാട്‌സ്ആപ്പ്‌ ചാറ്റ് വിവരങ്ങള്‍ പ്രതികള്‍ നശിപ്പിച്ചു എന്ന കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. വിവരങ്ങള്‍ തിരികെയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഫൊറന്‍സിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്.

75000 രൂപ വീതം ഈടാക്കിയാണ് ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മുംബൈയിലെ ലാബുടമ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ദിലീപിനെ സഹായിച്ചത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ വിന്‍സെന്റ് ചൊവ്വല്ലൂര്‍ ആണെന്നും, നശിപ്പിച്ച ഫോണ്‍ രേഖകള്‍ ദിലീപിന്റെ അഭിഭാഷകന്‍ കണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ജനുവരി 29 നാണ് ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത്. മുംബൈയിലേക്കയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ചോദ്യം ചെയ്തതിന്റെ വിശദമായ മൊഴി കൈവശം ഉണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. നശിപ്പിച്ച തെളിവുകളുടെ മിറര്‍ ഇമേജ് വീണ്ടെടുക്കാനായെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ഫോണുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ മുംബൈയിലെത്തി പരിശോധിക്കുകയും, ഹാര്‍ഡ് ഡിസ്‌ക് അഭിഭാഷകര്‍ക്ക് കൈമാറിയിരുന്നെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.